കീശ
അവർ 2 പേർ നടക്കുകയാണ്
തയ്യക്കടയാണ് ലക്ഷ്യം
വർഷങ്ങൾക്ക് ശേഷവും ആ
തയ്യൽക്കട അവിടെ നിലനിൽക്കുന്നു.
അതിന്റെ ചുവരുകളിൽ ഓരോ ആഴ്ചയും സിനിമാ പോസ്റ്ററുകൾ മാറി മാറി വരുന്നുണ്ട് എന്ന് മാത്രം.
സിമന്റിന്റെയും
കല്ലിന്റെയും പണി കഴിഞ്ഞ് അന്ന് കിട്ടിയ കൂലി വിയർപ്പ് കൊണ്ട് നിറം മാറിയ
ഒരു പഴ്സിൽ വെച്ച് കെട്ട്യോന്റെ കൂടെ ചായ കുടിക്കുകയായിരുന്നു കെട്ട്യോള്.
ആ തയ്യൽക്കടയുടെ തൊട്ടടുത്തുള്ള ചായകടയിൽ നിന്ന്.
പതിവ് പോലെ ചായകുടിച്ച് ഇറങ്ങാൻ നേരം കെട്ട്യോള് പൈസ കൊടുക്കാൻ തന്റെ പഴ്സ് എടുത്തതും കെട്ട്യോൻ അത് പിടിച്ചു വാങ്ങി.
എന്നിട്ടതിൽ നിന്നും ചായക്കുള്ള പൈസ കൊടുത്തു. ബാക്കി പൈസ സ്വന്തം കീശയിലേക്കിട്ടു.
കെട്ട്യോള് അയാളെ തുറിച്ച് നോക്കി.
അയാൾ മറുപടിയായി പറഞ്ഞു.
"നിനക്ക് കീശയില്ലല്ലോ!"
ഞങ്ങളാണുങ്ങൾക്ക് കീശയുണ്ട്.
കീശ മാത്രമല്ലേ ; സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമൊന്നുമില്ലല്ലോ എന്ന് അവൾ മനസിൽ പറഞ്ഞു, മനസ്സിൽ മാത്രം.
സ്വന്തം കെട്ട്യോനല്ലേ, കീശ ഉള്ളവനല്ലേ പിന്നെന്താ...
അങ്ങനെ ആലോചിച്ച് അവൾ ചിരിച്ചു.
വർഷങ്ങൾ കടന്ന് പോയി,
അവളുടെ പൈസ അയാളുടെ കീശയിൽ കിടന്ന് ശ്വാസം മുട്ടി.
സ്വന്തം പൈസക്കായി അവൾ കീശയുടെ മുമ്പിൽ കൈ നീട്ടാൻ തുടങ്ങി, യാചിക്കാൻ തുടങ്ങി..
പിന്നീട് അവൾക്ക് പൈസ വേണ്ടാണ്ടായി, സ്വപ്നങ്ങൾ ഇല്ലാതായി.
അവൾ അങ്ങനെ നടന്നു തയ്യൽ കടയിലെത്തി,
ഒരു സൂപ്പർ സ്റ്റാറിന്റെ (Lady super star) photo ഉള്ള സിനിമ പോസ്റ്റർ ആയിരുന്നു ഇന്നവിടെ.
കയ്യിലുള്ള തുണി നീട്ടി കൊണ്ട് അവൾ പറഞ്ഞു 2 കീശ തുന്നണം..
വര: മന്യു
@captain_manyu



Comments
Post a Comment